
കോടികള്‍ വിലമതിക്കുന്ന കാറുകളും ബംഗ്ലാവുകളുമൊക്കെയായി ഇന്ത്യയിലെ കോടീശ്വരര്‍ തങ്ങളുടെ സമ്പത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ ചൈനീസ് സമ്പന്നര്‍ ചിന്തിക്കുന്നത് വ്യത്യസ്‌തരീതിയിലാണ്. ഇന്ത്യയിലുള്ളതിനേക്കാള്‍ കോടീശ്വരന്മാരുള്ള രാജ്യമാണ് ചൈന. അവിടെ തങ്ങളുടെ സ്‌റ്റാറ്റസ് പ്രകടിപ്പിക്കാന്‍ കാറുകളും കൂറ്റന്‍ കെട്ടിടങ്ങളും പോരെന്ന് ചൈനക്കാര്‍ക്കറിയാം. നായകളാണ് ഇപ്പോള്‍ ചൈനീസ് സമ്പന്നരുടെ സ്‌റ്റാറ്റസ് നിര്‍ണയിക്കുന്ന ഘടകം. സമ്പത്ത് വര്‍ധിക്കുംതോറും വിലകൂടിയ ഇനം നായകളെ വളര്‍ത്തുന്ന പതിവ് ചൈനക്കാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്.
ടിബറ്റന്‍ മസ്‌റ്റിഫ് എന്ന അപൂര്‍വയിനം നായകളാണ് ചൈനീസ് സമ്പന്നര്‍മാരുടെ പ്രിയയിനം. കഴിഞ്ഞ ദിവസം 7 കോടി രൂപമുടക്കിയാണ് ഈ ഇനത്തില്‍പ്പെട്ട നായയെ ഒരു ചൈനീസ് കോടീശ്വരന്‍ വാങ്ങിയത്. ചുവന്ന നിറത്തിലുള്ള 11 മാസം പ്രായമായ നായയാണ് റെക്കോഡ് വിലയ്‌ക്കു വിറ്റുപോയത്. ടിബറ്റന്‍ മസ്‌റ്റിഫ് എന്ന നായകള്‍ ഭാഗ്യവും സമ്പത്തുംകൊണ്ടുവരുമെന്നാണ് വിശ്വാസം. ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ പ്രിയതോഴനായാണ് ഈ നായകള്‍ അറിയപ്പെടുന്നത്. ബുദ്ധസന്യാസിമാരുടെ ആത്മാക്കള്‍ ഈ നായ്‌ക്കളോടൊപ്പമുണ്ടെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ട് ഈ നായ്‌ക്കള്‍ക്ക് ഉടമസ്‌ഥര്‍ക്കു സ്വര്‍ഗഭാഗ്യം പ്രദാനംചെയ്യാനാവുമെന്ന് ഇവര്‍ കരുതുന്നു. 80 സെന്റീമീറ്ററോളം ഉയരം വയ്‌ക്കുന്ന ടിബറ്റന്‍ മസ്‌റ്റിഫ് നായ്‌ക്കള്‍ നൂറുകിലോയിലേറെ ഭാരം വയ്‌ക്കുന്നവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ