2011, മേയ് 10, ചൊവ്വാഴ്ച

ചുരുട്ടു ചുരുട്ടി റെക്കോഡിട്ടു

ഏതൊരു പുകവലിക്കാരന്റെയും സ്വപ്‌നമാണ്‌ സുന്ദരമായ ക്യൂബന്‍ ചുരുട്ടുകള്‍ പുകയ്‌ക്കുകയെന്നത്‌. ലോകത്ത്‌ ഏറ്റവും ആസ്വാദ്യകരമായ ചുരുട്ടുകള്‍ നിര്‍മിക്കുന്ന രാജ്യമാണ്‌ ക്യൂബ. എന്നാല്‍, ജോസ്‌ കാസ്‌റ്റെലര്‍ കൈറോ എന്ന ക്യൂബക്കാരന്‍ താനുണ്ടാക്കിയ ഒരു ചുരുട്ടുവലിച്ചു തീര്‍ക്കാന്‍ ലോകത്തെ തലയെടുപ്പുള്ള പുകവലിയന്മാരെ വെല്ലുവിളിക്കുകയാണ്‌. നല്ല ഒന്നാന്തരം ക്യൂബന്‍ പുകയിലകൊണ്ടാണ്‌ ജോസ്‌ ഈ ചുരുട്ടു നിര്‍മിച്ചത്‌. പക്ഷേ, ഒരു കുഴപ്പമുണ്ട്‌ ഈ ചുരുട്ടിന്‌. അല്‌പം നീളം കൂടുതലാണ്‌. ഏതാണ്ട്‌ ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളമേ ഈ ചുരുട്ടിനുള്ളൂ. അതായത്‌ 81.8 മീറ്റര്‍ നീളമുള്ള ചുരുട്ടാണ്‌ ജോസ്‌ നിര്‍മിച്ചിരിക്കുന്നത്‌. ക്യൂബയിലെ ഹവാനബേയില്‍ നടക്കുന്ന അന്താരാഷ്ര്‌ട ടൂറിസം ഫെയറിനോടനുബന്ധിച്ചാണ്‌ ജോസിന്റെ ചുരുട്ടു പ്രദര്‍ശിപ്പിച്ചത്‌. ഏപ്രില്‍ 25-നാണ്‌ ജോസ്‌ ചുരുട്ടുനിര്‍മിക്കാന്‍ ആരംഭിച്ചത്‌. എട്ടു ദിവസമെടുത്തു ഈ നീളന്‍ ചുരുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. വമ്പന്‍ ചുരുട്ടെന്ന ഗിന്നസ്‌ റെക്കോഡാണ്‌ ഈ ചുരുട്ടു സ്വന്തമാക്കിയത്‌. 45.38 മീറ്റര്‍ വലുപ്പമുള്ള ചുരുട്ടുണ്ടാക്കി താന്‍ തന്നെ സ്‌ഥാപിച്ച റെക്കോഡാണ്‌ പുതിയ ചുരുട്ടുണ്ടാക്കി ഈ അറുപത്തിയേഴുകാരന്‍ തകര്‍ത്തത്‌. ആഞ്ചാം വയസുമുതല്‍ ചുരുട്ടു നിര്‍മിക്കാന്‍ തുടങ്ങിയതാണ്‌ ആ മുത്തച്‌ഛന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത