2011, മേയ് 3, ചൊവ്വാഴ്ച

കൃത്രിമ തലച്ചോര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്‌

കുറെ കൃത്രിമ തലച്ചോര്‍ വാങ്ങി ബുദ്ധികൂട്ടാമെന്ന്‌ തലവാചകം കണ്ട്‌ തെറ്റിധരിക്കരുത്‌ . എങ്കിലും ഭാവിയില്‍ നമുക്ക്‌ ഈ സൗകര്യം പ്രതീക്ഷിക്കാമെന്നാണ്‌ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്‌ . നാനോ ടെക്‌നോളജിയുടെ സഹായത്തോടെയാണ്‌ കൃത്രിമ തലച്ചോര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്‌ . തലച്ചോറിലെ അടിസ്‌ഥാന ഘടകമായ ന്യൂറോണുകളെ പ്രവര്‍ത്തനത്തില്‍ അനുകരിക്കുന്ന കാര്‍ബണ്‍ നാനോട്യൂബാണ്‌ ഗവേഷകര്‍ സൃഷ്‌ടിച്ചത്‌ . പ്രൊഫ. ആലീസ്‌ പാര്‍ക്കര്‍, പ്രൊഫ.ചൊംഗ്‌വു സു എന്നിവരാണ്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ . കാര്‍ബണ്‍ തന്മാത്രകളെ അടിസ്‌ഥാനമാക്കി നിര്‍മ്മിക്കുന്ന കാര്‍ബണ്‍ നാനോട്യൂബുകള്‍ക്ക്‌ പെന്‍സില്‍ പോയിന്റിന്റെ ലക്ഷ്യത്തിലൊന്ന്‌ വലുപ്പമേയുളളൂ. ഇലക്‌ട്രോണിക്‌ സര്‍ക്യൂട്ടുകളില്‍ ഇവയെ ഉപയോഗിക്കാനാകും. ന്യൂറോണിന്‌ പകരം ഇവ ഉപയോഗിച്ച്‌ സര്‍ക്യൂട്ടുകള്‍ സൃഷ്‌ടിക്കാനാണ്‌ നീക്കം. എന്നാല്‍ കോടിക്കണക്കിന്‌ ന്യൂറോണുകള്‍ക്ക്‌ പകരം എങ്ങനെ നാനോട്യൂബുകളെ വിനിയോഗിക്കാമെന്ന്‌ തലപുകയ്‌ക്കുകയാണ്‌ ഗവേഷകര്‍. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം കൃത്രിമ തലച്ചോര്‍ യാഥാര്‍ത്ഥ്യമാകുമെന്ന്‌ പാര്‍ക്കര്‍ പ്രതീക്ഷിക്കുന്നു. എങ്കിലും തലച്ചോറിന്‌ ആഘാതമേറ്റവര്‍ക്കും വൈകല്യങ്ങളുളളവര്‍ക്കും കണ്ടെത്തല്‍ അനുഗ്രഹമാകുമെന്ന്‌ അവര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത