2011, മേയ് 20, വെള്ളിയാഴ്‌ച

'കോടതി കനിഞ്ഞില്ല; കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ര്‌ടം കേസില്‍ ഡിഎംകെയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവ്‌ കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. പ്രത്യേക കോടതി തള്ളി. കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി അവരെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു ചെയ്‌തു. പ്രത്യേക കോടതി ജഡ്‌ജി ഒ.പി. സെയ്‌നിയാണ്‌ കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയത്‌. കനിമൊഴിക്കൊപ്പം കലൈഞ്‌ജര്‍ ടിവി എംഡി ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അദ്ദേഹത്തെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കനിമൊഴി അറസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന്‌ അപേക്ഷ നല്‍കാനാണ്‌ ശ്രമിക്കുന്നത്‌. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാവകാശം നല്‍കണമെന്നാകും കനിമൊഴിയുടെ അഭിഭാഷകന്‍ രാം ജഠ്‌മലാനി അപേക്ഷിക്കുക. ഇത്‌ അംഗീകരിച്ചില്ലെങ്കില്‍ മുന്‍ ടെലികോം മന്ത്രി രാജയുള്‍പ്പെടെയുള്ളവര്‍ കഴിയുന്ന തിഹാര്‍ ജയിലിലേക്കുതന്നെ കനിമൊഴിക്കും പോകേണ്ടിവരും. 2 ജി. സ്‌പെക്ര്‌ടം കേസിലെ 15 പ്രതികളില്‍ മൂന്ന്‌ പേര്‍ ഒഴികെ ബാക്കിയെല്ലാവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. കനിമൊഴി, ശരത്‌കുമാര്‍, സിനിയുഗ്‌ ഫിലിംസിന്റെ കരീം മൊറാനി എന്നിവര്‍ മാത്രമായിരുന്നു പുറത്തുള്ളത്‌. കനിമൊഴിക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്ന്‌ സിബിഐയുടെ അഭിഭാഷകന്‍ വാദിച്ചത്‌ കോടതി അംഗീകരിക്കുകയായിരുന്നു. കനിമൊഴിയെ വിട്ടയയ്‌ച്ചാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കനിമൊഴി ഒരു സ്‌ത്രീയാണെന്ന പരിഗണന നല്‍കണമെന്നും അവര്‍ ഒരു പാര്‍ലമെന്റ്‌ അംഗമാണെന്ന പരിഗണന നല്‍കണമെന്നുമാണ്‌ കനിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്‌. എന്നാല്‍ കനിമൊഴി അഴിമതി നടത്തിയെന്നു തെളിയിക്കുന്ന വ്യക്‌തമായ രേഖകളാണ്‌ സിബിഐ കോടതിയില്‍ ഹാജരാക്കിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത