
ടീം ഇവരില്‍നിന്ന്: ഇന്ത്യ- എം.എസ്. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്, സച്ചിന്‍, ഗൗതം ഗംഭീര്‍, യുവ്രാജ് സിംഗ്, വിരാട് കോഹ്ലി, യൂസഫ് പഠാന്‍, സുരേഷ് റെയ്‌ന, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, എസ്. ശ്രീശാന്ത്, ആര്‍. അശ്വിന്‍, പിയൂഷ് ചൗള, ഹര്‍ഭജന്‍ സിംഗ്.
എം.എസ്.ധോണി: ലോകകപ്പ് ഫൈനലില്‍ ആദ്യമായാണ് വിക്കറ്റ് കീപ്പര്‍മാര്‍ ഇരു ടീമുകളുടെയും നായകന്‍മാരാകുന്നത്. ബാറ്റിംഗില്‍ ഫോം ഔട്ടാണെങ്കിലും കീപ്പറുടെയും നായകന്റെയും ഇരട്ട വേഷത്തില്‍ ധോണി തിളങ്ങുന്നുണ്ട്. എട്ടു മത്സരങ്ങളില്‍നിന്ന് ആറു ക്യാച്ചുകളും മൂന്നു സ്‌റ്റമ്പിംഗുകളും ഇതിനോടകം ധോണി സ്വന്തമാക്കി. ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനറിയാവുന്ന ധോണിയെപ്പോലുള്ള നായകന്‍മാര്‍ വിരളം. ബൗളര്‍മാരുടെ മേല്‍ ആധിപത്യം ഉറപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് ഷോര്‍ട്ട് സ്‌പെല്‍ മാത്രമാണു ധോണി നല്‍കുന്നത്. 30 റണ്‍ ശരാശരിയില്‍ 150 റണ്‍സ് മാത്രമാണു ധോണി നേടിയതെന്ന ന്യൂനതയുണ്ട്.
സച്ചിന്‍: ഫൈനലിലെ ഏറ്റവും ആവേശകരമായ ചോദ്യം സച്ചിന്‍ 100 ാം സെഞ്ചുറിയടിക്കുമോയെന്നാണ്. എട്ടു മത്സരങ്ങളില്‍നിന്ന് 464 റണ്‍സെടുത്ത സച്ചിന്‍ ടോപ്‌സ്കോറര്‍മാരില്‍ രണ്ടാമനാണ്. 51 ടെസ്‌റ്റ് സെഞ്ചുറികളും 48 ഏകദിന സെഞ്ചുറികളും സ്വന്തമാക്കിയ സച്ചിന്റെ അവസാന ലോകകപ്പാണിതെന്ന് ഉറപ്പാണ്.
ഈ ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ സച്ചിന്റെ പേരിലുണ്ട്. 44 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ ആറു സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും നേടി. വാങ്കഡെ സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാണെന്നത് സച്ചിനും ഇന്ത്യക്കും മുന്‍തൂക്കം നല്‍കുന്നു.
സേവാഗ്: സേവാഗ് വെടിക്കെട്ടായാല്‍ ലങ്ക കപ്പ് നേടാമെന്ന മോഹം മുളയിലെ നുള്ളേണ്ടിവരും. ഏഴു മത്സരങ്ങളില്‍നിന്ന് 380 റണ്‍സെടുത്ത സേവാഗ് അടിക്കുമോയെന്ന് ഒരാള്‍ക്കും പ്രവചിക്കാനാകില്ല. ബംഗ്ലാദേശിനെ ഉദ്‌ഘാടന മത്സരത്തിലും പാകിസ്‌താനെ സെമിയിലും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ അലകള്‍ മാത്രം മതി കിരീടത്തിലെത്താന്‍. ഈ ലോകകപ്പില്‍ സേവാഗ് ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടി.
യുവ്രാജ് സിംഗ്: യുവിയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് അപ്രതീക്ഷിത ആനുകൂല്യം നല്‍കുന്നു. എട്ടു മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും 13 വിക്കറ്റുമെടുത്ത യുവി നാലു തവണ മാന്‍ ഓഫ് ദ് മാച്ചായി ലോകകപ്പിലെ താരമാകാനുള്ള തയാറെടുപ്പിലാണ്. പാകിസ്‌താനെതിരേ ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും ബൗളിംഗില്‍ രണ്ടു വിക്കറ്റെടുത്തു യുവി നിര്‍ണായകമായി. ഫീല്‍ഡിംഗിലെ ഊര്‍ജസ്വലതയും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
സഹീര്‍ ഖാന്‍: വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്‌ഥാനത്തുള്ള സഹീര്‍ ഖാന്‍ ഇന്ത്യയുടെ കുന്തമുനയാണ്. എട്ടു മത്സരങ്ങളില്‍നിന്ന് 19 വിക്കറ്റുകളാണു സഹീറെടുത്തത്.
പാകിസ്‌താനെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഖാന്‍ മികച്ച പ്രകടനം നടത്തി. 22 ലോകകപ്പ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഹീര്‍ 42 വിക്കറ്റുകള്‍ ഇതുവരെ വീഴ്‌ത്തി.
ഹര്‍ഭജന്‍ സിംഗ്: ഭാജിക്കും ഈ ലോകകപ്പ് ഗുണകരമായില്ല. എട്ടു മത്സരങ്ങളില്‍നിന്ന് എട്ടു വിക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. പാകിസ്‌താനെതിരേ അടക്കമുള്ള ചില മത്സരങ്ങളില്‍ മാത്രമാണ് ഹര്‍ഭജന്‍ തിളങ്ങിയത്. ആദ്യ ലോകകപ്പ് കളിക്കുന്ന വിരാട് കോഹ്ലി, സുരേഷ് റെയ്‌ന എന്നിവരുടെ സാന്നിധ്യം ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നു. എട്ടു മത്സരങ്ങള്‍ കളിച്ച കോഹ്ലി 35.28 ശരാശരിയില്‍ 247 റണ്‍സെടുത്തു. ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും സ്വന്തം പേരിലാക്കി. മൂന്നു മത്സരങ്ങള്‍ മാത്രം കളിച്ച റെയ്‌ന 74 റണ്‍സെടുത്തിട്ടുണ്ട്. പാകിസ്‌താനെതിരേയും ഓസ്‌ട്രേലിയയ്‌ക്കെതിരേയും നിര്‍ണായക ഘട്ടത്തില്‍ ബാറ്റ് ചെയ്യാന്‍ റെയ്‌നയ്‌ക്കായി.
ടീം ഇവരില്‍നിന്ന്: ശ്രീലങ്ക- കുമാര സംഗക്കാര (നായകന്‍), മഹേള ജയവര്‍ധനെ, തിലകരത്‌നെ ദില്‍ഷന്‍, ദില്‍ഹാര ഫെര്‍ണാണ്ടോ, രംഗന ഹെറാത്, ചമര കപുഗദേര, നുവാന്‍ കുലശേഖര, ലസിത് മലിംഗ, എയ്‌ഞ്ചലോ മാത്യൂസ്, അജന്ത മെന്‍ഡിസ്, മുത്തയ്യാ മുരളീധരന്‍, തീസാര പെരേര, തിലന്‍ സമരവീര, ചാമര സില്‍വ, ഉപുല്‍ തരംഗ.
കുമാര സംഗക്കാര: ധോണിയെപ്പോലെ മുന്നില്‍നിന്നു നയിക്കുകയാണ് സംഗക്കാരയും. ടീമിന്റെ ശക്‌തി ദൗര്‍ബല്യങ്ങളറിഞ്ഞാണ് സംഗയും മുന്നേറുന്നത്. 104.25 റണ്‍ശരാശരിയില്‍ 417 റണ്‍സെടുത്ത സംഗ ടോപ് സ്‌കോറര്‍മാരില്‍ മൂന്നാമനാണ്. ധോണിയെക്കാള്‍ കൂടുതല്‍ പേരെ പുറത്താക്കാനും സംഗയ്‌ക്കായി. എട്ടു മത്സരങ്ങളില്‍നിന്ന് ഒന്‍പതു ക്യാച്ചുകളും നാലു സ്‌റ്റമ്പിംഗുമടക്കം 13 പേരെ ലങ്കന്‍ നായകന്‍ വിക്കറ്റിനു പിന്നില്‍നിന്നു പുറത്താക്കി.
ദില്‍ഷന്‍: ലോകകപ്പിലെ ടോപ് സ്‌കോററായ തിലകരത്‌നെ ദില്‍ഷന്‍ അപാരമായ ഫോമിലാണെന്നതാണ് ലങ്കയുടെ പ്ലസ് പോയിന്റ്. എട്ടു മത്സരങ്ങളില്‍നിന്ന് 467 റണ്‍സാണു ദില്‍ഷന്‍ അടിച്ചെടുത്തത്. 19 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ദില്‍ഷന്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഇതുവരെ നേടി.
12 വിക്കറ്റുകളും ദില്‍ഷന്‍ കറക്കി വീഴ്‌ത്തിയിട്ടുണ്ട്. 1996 ലോകകപ്പില്‍ സനത് ജയസൂര്യ തകര്‍ത്തടിച്ചതിനു സമാനമായാണ് ദില്‍ഷന്റെ പ്രകടനത്തെ വിലയിരുത്തുന്നത്.
അശാങ്ക ഗുരുസിംഗെ, അരവിന്ദ ഡിസല്‍വ, അര്‍ജുന രണതുംഗ തുടങ്ങിയ പഴയ കാല ബാറ്റ്‌സ്മാന്‍മാരുടെ പകരക്കാരായാണ് ലങ്കയുടെ പുതിയ മുന്നേറ്റ നിരയെ കാണേണ്ടത്.
ഉപുല്‍ തരംഗ: സേവാഗിനെപ്പോലെ അടിച്ചു തകര്‍ക്കുകയാണ് ഈ ലങ്കന്‍ ഓപ്പണറും. എട്ടു മത്സരങ്ങളില്‍നിന്ന് 393 റണ്‍സാണ് തരംഗ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഈ ഓപ്പണറുടെ പേരിലുണ്ട്. സേവാഗിനെക്കാളും ശരാശരി (65.50) തരംഗയ്‌ക്കാണ്. സേവാഗിന്റെ ശരാശരി 54.28 റണ്‍സാണ്. തരംഗ- ദില്‍ഷന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് ടൂര്‍ണമെന്റിലെ തന്നെ മികച്ച ഓപ്പണിംഗ് ജോഡിയാണ്.
മുത്തയ്യാ മുരളീധരന്‍: ഈ മത്സരത്തോടെ രാജ്യാന്തര മത്സരങ്ങളോടു വിടപറയുന്ന മുരളിയും ലങ്കയുടെ പ്രധാന ആകര്‍ഷണമാണ്. ടെസ്‌റ്റ്, ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മുരളീധരന്‍ അവസാന ലോകകപ്പില്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ല. എട്ടു മത്സരങ്ങളില്‍നിന്ന് 15 വിക്കറ്റാണു മുരളിയുടെ സമ്പാദ്യം.
ലസിത് മലിംഗ: റൗണ്ട് ആം ആക്ഷനിലൂടെ പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന മലിംഗ വാങ്ക്‌ഡെയിലെ വേഗം കുറഞ്ഞ പിച്ചില്‍ എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാം. മലിംഗ വിക്കറ്റെടുക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ മങ്ങും.
അജന്ത മെന്‍ഡിസ്: നിഗൂഡ ബൗളറെന്ന വിശേഷണവുമായി കരിയര്‍ തുടങ്ങിയ മെന്‍സിഡിനും ഈ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ആറു മത്സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റാണു മെന്‍ഡിസിന്റെ സമ്പാദ്യം.
കാരംബോളുമായെത്തി ഇന്ത്യയെ കുഴപ്പിക്കാന്‍ മെന്‍ഡിസിനു പഴയപോലെ കഴിയുമോയെന്ന് ഉറപ്പില്ല. വാങ്ക്‌ഡെ സ്‌റ്റേഡിയം വേഗം കുറഞ്ഞതായതിനാല്‍ മെന്‍ഡിസിനും സാധ്യതയുണ്ട്. ഇന്ത്യയെപ്പോലെ കരുത്തുറ്റ മധ്യനിരയില്ലാത്തതാണ് ലങ്കയുടെ പോരായ്‌മ. ചാമര കപുഗദേര, രംഗന ഹെറാത്ത്, തിലന്‍ സമരവീര എന്നിവരുടെ മധ്യനിരയും വാലറ്റവും എയ്‌ഞ്ചലോ മാത്യൂസിന്റെ അഭാവത്തില്‍ വിയര്‍ക്കും.