
പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കേ വിവാദമായ ഐസ്‌ക്രീം കേസിന്റെ അന്വേഷണത്തില്‍ കേരള പോലീസ് ഗുരുതരമായ വീഴ്‌ച വരുത്തിയെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് തുടരന്വേഷണം സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണ. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.
ഐസ്‌ക്രീം കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം വാരിയെറിഞ്ഞെന്ന വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് സി.ബി.ഐക്ക് കൈമാറാനാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു ലഭിച്ച നിയമോപദേശം.
വിധ്വംസക പ്രവര്‍ത്തനം, കളളനോട്ട് കച്ചവടം, രാജ്യദ്രോഹം തുടങ്ങിയ നിരവധി സംഭവങ്ങള്‍ കേരളത്തിലും അയല്‍ സംസ്‌ഥാനങ്ങളിലുമായി ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടു നടന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതേസമയം, സുപ്രീംകോടതി അവസാനിപ്പിച്ച ഐസ്‌ക്രീം കേസ് പുനരന്വേഷിക്കാനാവില്ലെന്നു കാട്ടി നിയമോപദേശം നല്‍കാന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസിന്റെമേല്‍ ഒരു വിഭാഗം സമ്മര്‍ദം നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന്, ഗുജറാത്തിലെ ബെസ്‌റ്റ് ബേക്കറി കേസ് സുപ്രീംകോടതി അവസാനിപ്പിച്ചിട്ടും തുടരന്വേഷണം നടത്തിയ മാതൃകയില്‍ ഐസ്‌ക്രീംകേസും അന്വേഷിക്കാവുന്നതാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിയുടെ ഓഫീസിനെ അറിയിച്ചതായി സൂചനയുണ്ട്.
കേരളാ പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ ഉത്തരമേഖലാ ഐ.ജിയായിരുന്ന വേളയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തിച്ചാണ് കുഞ്ഞാലിക്കുട്ടി അന്ന് അനുകൂലവിധി സമ്പാദിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ അടിമുടി കൃത്രിമം നടന്നുവെന്നു മുഖ്യമന്ത്രി ഉറച്ചു വിശ്വസിക്കുന്നു. അന്നു കേസ് അന്വേഷിച്ച ഉത്തരമേഖലാ ഐ.ജി. ഇപ്പോള്‍ ഡി.ജി.പിയാണ്. അതുകൊണ്ടുതന്നെ ഈ കേസ് കേരളാ പോലീസിനെക്കൊണ്ടു വീണ്ടും അന്വേഷിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കരുതുന്നു. ഡി.ജി.പിയുടെ ഈ റിപ്പോര്‍ട്ട് പുനഃപരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുളള പോലീസ് അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെങ്കില്‍ മറിച്ചൊരു റിപ്പോര്‍ട്ട് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കുറ്റമറ്റ രീതിയില്‍ കുഞ്ഞാലിക്കുട്ടിയുടെ കേസ് അന്വേഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
സി.ബി.ഐ. തന്നെ കേസ് അന്വേഷിക്കണമെന്നു മുഖ്യമന്ത്രി പറയാനുളള പ്രധാന കാരണങ്ങള്‍ ഇവയാണ്:
1. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചത് അദ്ദേഹം ഉള്‍പ്പെട്ട സര്‍ക്കാരാണ്. 2. അന്വേഷണം നടത്തിയ ഐ.പി.എസ്. ഉദ്യോഗസ്‌ഥന്‍ പല രീതിയിലും സ്വാധീനിക്കപ്പെട്ടു. 3. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പലവട്ടം പീഡിപ്പിക്കപ്പെട്ടു.
4. കേസുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ കള്ളനോട്ട് പ്രചരിച്ചു. 5. കേസ് അട്ടിമറിക്കാന്‍ സി.പി.എം. നേതാവ് പി. ശശി തന്നെ സ്വാധീനിച്ചെന്ന മുന്‍ പ്രോസിക്യൂഷന്‍സ് ഡയറക്‌ടര്‍ ജനറല്‍ കല്ലട സുകുമാരന്റെ വെളിപ്പെടുത്തല്‍. ഇതു പാര്‍ട്ടിയുടെ യശസിനു തിരിച്ചടിയുണ്ടാകാതിരിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നു വി.എസ്. കരുതുന്നു. 6. തീവ്രവാദ ബന്ധമുളളവര്‍ ഐസ്‌ക്രീം കേസില്‍ ഉള്‍പ്പെട്ടുവെന്ന റൗഫിന്റെ വെളിപ്പെടുത്തല്‍. 7. മറ്റു സംസ്‌ഥാനങ്ങളിലും കേസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നിരുന്നു. 8.ജഡ്‌ജിമാരെ സ്വാധീനിച്ചെന്ന ആക്ഷേപം. 9. മലബാര്‍ സിമെന്റ്‌സിലെ മുന്‍ ഉന്നത ഉദ്യോഗസ്‌ഥന്‍ ശശീന്ദ്രന്റെ മരണം.
10. രാജ്യദ്രോഹ പ്രവൃത്തിയും വിധ്വംസക പ്രവര്‍ത്തനങ്ങളും ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടു നടന്നുവെന്ന സംശയം. 11. എം.കെ. മുനീര്‍ അടക്കമുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കളെ ഒതുക്കാനും വിജിലന്‍സ് കേസുകളില്‍ കുടുക്കാനും അവര്‍ നേതൃത്വം നല്‍കുന്ന മാധ്യമസ്‌ഥാപനം തകര്‍ക്കാനും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍.
ഇത്രയൊക്കെ സംഭവവികാസങ്ങളുണ്ടായിട്ടും അന്നു കേരളാ പോലീസ് എന്തുകൊണ്ട് കേസന്വേഷണത്തില്‍ മുഖംതിരിച്ചു നിന്നുവെന്നതാണ് ചില ഉന്നത പോലീസുദ്യോഗസ്‌ഥര്‍ക്കെതിരേയുളള ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് സി.ബി.ഐക്കു വിടാന്‍ കഴിയുന്നില്ലെങ്കില്‍ ഡി.ജി.പി. സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്.