2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ജനനത്തീയതിയില്‍ അത്ഭുതവുമായി ഈ അപൂര്‍വ സഹോദരങ്ങള്‍

 ജനനത്തീയതിലെ അപൂര്‍വമായ ഒരുമയില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികള്‍! ശാസ്‌ത്ര ലോകത്തെപ്പോലും അത്ഭുതപ്പെടുത്തി അമേരിക്കന്‍ ദമ്പതികള്‍ക്കാണ്‌ ദൈവം ഈ അത്ഭുതം കാത്തുവച്ചിരുന്നത്‌. മൂന്നു മക്കളുടെയും ജനനത്തീയതി അറിഞ്ഞാല്‍ ഈ അത്ഭുതം നിങ്ങള്‍ക്കുമുണ്ടാകുമെന്നുറപ്പ്‌. മൂത്ത മകന്റെ ജനനത്തീയതി 08/08/08. അതിലെന്താണിത്ര അത്ഭുതം എന്നാകും ചിലപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്നത്‌. എന്നാല്‍ കേട്ടോളൂ.. രണ്ടാമന്റെ ജനനത്തീയതി എത്രയെന്നോ 09/09/09.

യാദൃശ്‌ചികം എന്നാകും ഇപ്പോള്‍ നിങ്ങളുടെ കമന്റ്‌... വരെട്ട തീര്‍ന്നില്ല. ഇവര്‍ കഴിഞ്ഞ ദിവസം ഒരു കുട്ടി കൂടി ജനിച്ചു. തീയതി എത്രയെന്നോ 10/10/10!!! ശസ്‌ത്രക്രിയയോ മറ്റു കൃത്രിമ മാര്‍ഗങ്ങളിലൂടെയോ അല്ല ഈ ജനനം എന്നു തിരിച്ചറിയുക. തികച്ചും സ്വാഭാവികമായി. അതും പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ദിസങ്ങള്‍ക്കു മുന്നില്‍. ബാര്‍ബി സോപറിന്റെയും ഭര്‍ത്താവ്‌ ചാഡ്‌ സോപെറിന്റെയും ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലുണ്ടായെന്നു തെളിയിക്കാന്‍ ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്‌. കോള്‍, കാമറൂണ്‍, സിയറ സഹോദരങ്ങളാണ്‌ ജനനത്തീയതി കൊണ്ട്‌ ലോകത്തിന്റെ അത്ഭുതമാകുന്നത്‌. കോളിന്റെ ഭാഗ്യ നമ്പര്‍ എട്ടും കാമറൂണിന്റെ ഒമ്പതും സിയാറയുടെ പത്തുമാണെന്നും മുപ്പത്താറുകാരിയായ അമ്മ ബാര്‍ബറ സോപെര്‍ പറയുന്നു.

മുന്‍കൂട്ടി യാതൊരു ആലോചനയും നടത്തിയല്ല കുട്ടികള്‍ ഇത്തരത്തില്‍ ജനിച്ചതെന്ന്‌ അറിയുമ്പോഴാണു പ്രകൃതിയുടെ വികൃതി നമ്മളില്‍ കൗതുകമുയര്‍ത്തുന്നത്‌. സിയാറ നിശ്‌ചിത സമയത്തിന്‌ ഒരു മാസം മുമ്പും കാമറൂണ്‍ രണ്ടാഴ്‌ച മുമ്പുമാണു ജനിച്ചത്‌. അമേരിക്കയിലെ മിഷിഗണില്‍നിന്നുള്ളവരാണ്‌ ദമ്പതികള്‍. നൂറ്റാണ്ടിന്റെ ആദ്യ 12 വര്‍ഷങ്ങളി മാത്രമേ ഇത്തരത്തി അപൂര്‍വ ജനസമയക്രമം സംഭവിക്കുകയുള്ളുവെന്നു ജ്യോതിഷികള്‍ പറയുന്നു. അപ്പോള്‍ സോപര്‍ ദമ്പതികള്‍ക്ക്‌ ഇനിയൊരു അത്ഭുത ശിശുവിനു കൂടി സ്‌കോപ്‌ ഉണ്ട്‌ എന്നു തോന്നിയാല്‍ ആരെയാകും കുറ്റം പറയാനാവുക. എന്നാല്‍ അങ്ങനെ ഒന്നു സംഭവിക്കില്ലെന്ന്‌ സോപെര്‍ ദമ്പതികള്‍ ഒറ്റ സ്വരത്തില്‍ പറയുന്നു. ചിലപ്പോള്‍ അതു യാഥാര്‍ത്ഥ്യവുമായേക്കും. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍!

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത