2010, നവംബർ 21, ഞായറാഴ്‌ച

3 വയസുകാരന്‍ കണ്ടെത്തിയത്‌ 11.25 കോടിയുടെ സ്വര്‍ണം


 
ബ്രിട്ടണിലെ എസെക്‌സിലുള്ള മൂന്നു വയസുകാരനായ ജെയിംസ്‌ ഹ്യാത്താണ്‌ ലോകത്തെ ഏറ്റവും ഭാഗ്യവാനായ കുട്ടിയെന്നാണ്‌ പിതാവ്‌ പറയുന്നത്‌. കാരണം ജെയിംസ്‌ കണ്ടെത്തിയത്‌ ഒന്നോ രണ്ടോ ലക്ഷം രൂപയുടെ സ്വര്‍ണമല്ല; 11.25 കോടിരൂപയുടെ സ്വര്‍ണമാണ്‌. 16-ാം നൂറ്റാണ്ടില്‍ ബ്രിട്ടണ്‍ ഭരിച്ചിരുന്ന ഹെന്‍റി എട്ടാമന്റെ ഭരണകാലത്തുള്ള ചെറിയൊരു സ്വര്‍ണലോക്കറ്റാണ്‌ ഈ മൂന്നു വയസുകാരന്‍ കണ്ടെത്തിയത്‌.

അതും 15 വര്‍ഷമായി മെറ്റല്‍ ഡിക്‌ടറുമായി അലഞ്ഞ മുത്തച്‌ഛനെയും പിതാവിനെയും കടത്തിവെട്ടിയാണ്‌ കുഞ്ഞു ജെയിംസ്‌ സ്വര്‍ണവേട്ട നടത്തിയത്‌. പിതാവ്‌ ജെസണ്‍ പുത്രന്‍ ജെയിംസുമായി വീടിനു സമീപമുള്ള ഗ്രൗണ്ടില്‍ നടക്കാന്‍ പോകാറുണ്ട്‌. സാധാരണ പോകുമ്പോള്‍ കൂടെ മെറ്റല്‍ ഡിക്‌ടറും കരുതും. 15 വര്‍ഷമായുള്ള ശീലമായിരുന്നു ഇത്‌. എന്നാല്‍, ഒരിക്കല്‍ കുഞ്ഞു ജെയിംസ്‌ മെറ്റല്‍ ഡിക്‌ടര്‍ തനിക്കു തരണമെന്നു വാശിപിടിച്ചു. ജെസണ്‍ ജെയിംസിന്‌ മെറ്റല്‍ ഡിക്‌ടര്‍ നല്‍കി. ജെയിംസ്‌ മെറ്റല്‍ ഡിക്‌ടറുമായി ഏതാനും ചുവടുകള്‍ വച്ചതേയുള്ളൂ. പെട്ടെന്ന്‌ ബീപ്‌ ബീപ്‌ ശബ്‌ദം അതില്‍നിന്ന്‌ ഉയര്‍ന്നു. ശബ്‌ദം കേട്ട സ്‌ഥലം കുഴിച്ചു നോക്കിയപ്പോള്‍ എട്ട്‌ ഇഞ്ച്‌ താഴെ ഒരു ചെറിയ പെട്ടി. അതു തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു ചെറിയ ലോക്കറ്റ്‌. പിന്നീട്‌ പുരാവസ്‌തു വിദഗ്‌ധര്‍ ഈ ലോക്കറ്റ്‌ പരിശോധിക്കുകയും ഇത്‌ രാജകുടുംബത്തിന്റെ കൈവശമിരുന്നതാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. ഇതിന്‌ ഏകദേശം 11.25 കോടി രൂപ മൂല്യം വരുമെന്നും അവര്‍ കണ്ടെത്തി. എന്നാല്‍, ഈ തുക പൂര്‍ണമായും ജെയിംസിനും കുടുംബത്തിനും ലഭിക്കില്ല. പകുതി തുകയ്‌ക്കേ കുഞ്ഞു ജെയിംസിന്‌ അവകാശമുള്ളൂ. ശേഷിക്കുന്ന പകുതി തുക സ്‌ഥല ഉടമയ്‌ക്ക് അവകാശപ്പെട്ടതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

വാര്‍ത്ത